Saturday, December 11, 2010

നിരപരാധി - A silent prayer

ഇല്ല ഇനി ഞാനില്ല, ഇനിയെനിക്കാവില്ല
എന്നില്‍ന്നീ കാലപാശം തിരിച്ചെടുക്കൂ
എന്റെയീ ജീവനും നീയെടുക്കൂ..പക്ഷെ
ഞാന്‍ അന്നു-മിന്നുമൊരു നിരപരാധി

ഇനിയൊന്നുറങ്ങണം , ഒരു സ്വപ്നം കാണണം
ആ സ്വപ്നത്തിലൊരു നൂറു ജീവനുകള്‍ പൂക്കണം
ഒരു കുളിര്‍ കാറ്റെന്റെ നെറുക ചുംബിക്കണം
ആ കുളിരിലെന്‍ കരള്‍ കോരിത്തരിക്കണം

പൂക്കളേപ്പുല്കിയൊരു പിഞ്ചു പൈതലായ്
മാനത്തെ മഴവില്ല് നോക്കിക്കിടക്കണം
കുഞ്ഞിളം കൈവിരല്‍ ചപ്പിക്കുടിക്കണം
കാലിട്ടടിക്കണം,"അമ്മേ" വിളിക്കണം
ആ വിളിയിലീഭൂമി ദേവിതന്‍ മാറുകള്‍
പാലു ചുരത്തണം, എന്‍ ദാഹം തീരണം

ഗംഗതന്‍ മാറിലായ് പറ്റിക്കിടക്കണം
ആ പുണ്യ തീര്‍ത്ഥത്തില്‍ നീന്തിത്തുടിക്കണം
ഞാന്‍ ചുമലിലേറ്റുന്നോരെന്‍ ഭൂതകാലത്തിന്‍
നാറിയ ഭാണ്ട്ടത്തിന്‍  ഭാരമോഴിവാകണം
ഇരുട്ടിന്റെ ലോകത്തെ ശവത്തിന്‍ തണുപ്പുള്ള
രക്തത്തിന്‍ മണമുള്ള പുറ്റുകള്‍ നിറഞ്ഞൊരു
പാപക്കറകള്‍ തന്‍ മങ്ങിയ വര്‍ണങ്ങള്‍
ചിതറിത്തെറിച്ചോരെന്‍  മേലങ്കി മാറ്റണം
എന്‍ നഗ്ന മേനിയില്‍ പുളയ്ക്കുംപരലുക -
ളിക്കിളി കൂട്ടണം, എനിക്കും ചിരിക്കണം

കാണുന്നു ഞാന്‍ എന്നും എന്റെ നിഴലുകള്‍ ;
കരിയുന്ന മാംസതിലുലയുന്ന ജീവനില്‍
അലറിക്കരയുന്ന പിഞ്ചു ബാല്യങ്ങളില്‍
മിടിക്കുന്ന ഭ്രൂണത്തെ മാന്തിപ്പറിച്ചേടു-
ത്തൊരു ശൂലനെറ്റിയില്‍ ചാര്‍ത്തും കരങ്ങളില്‍
കൂടെക്കളിച്ചും ചിരിച്ചും വളര്‍ന്നൊരു തന്‍
കൂട്ടുകാരിയെ കൂട്ടിക്കൊടുപ്പോരില്‍
അമ്മയെതല്ലിയു - മച്ചനെവെട്ടിയു -
മധികാര ചക്രങ്ങലേറ്റാന്‍ കൊതിച്ചോരില്‍
കാണുന്നു ഞാനെന്‍ നിഴല്‍പ്പാടുകള്‍ - ഇനി
കാണേണ്ടെനിക്കീ കറുത്ത പേക്കൂത്തുകള്‍

ഹേ ഭൂതനായകാ , ഹേ ശൂലവാഹകാ
ഈ പാപിതന്‍ പ്രാര്‍ത്ഥന കേട്ടുണര്‍ന്നീടണം
നിന്റെ കനിവിന്റെ തൃക്കണ്‍  എന്‍ നേര്‍ തുറക്കണം
ആ കോടിസൂര്യസമ താപ പ്രവാഹത്തിലുരുകി-
യൊരുപിടി ചാമ്പലായ് ബ്രഹ്മത്തിലലിയേണം
എനിക്കും മരിക്കണം , എനിക്കും മരിക്കണം..