Monday, September 5, 2011

പുനര്‍ജ്ജന്മം


ഇരവിലെ ഒരു തിര ഇത്തിരി
വെട്ടതിനായി കരഞ്ഞു
പൂക്കളുടെ നിറവും
ആകാശത്തിന്റെ ആഴവും 
ഇണചേര്‍ന്ന വെട്ടത്തിന് 

അവന്‍ കേട്ട സ്വര്‍ഗത്തില്‍ 
വെളിച്ചമായിരുന്നു ദൈവത്തിന്റെ പ്രതിപുരുഷന്‍
അവന്‍റെ ഹൃദയത്തില്‍ 
അവന്‍റെ സ്വപ്നങ്ങളില്‍ 
വെളിച്ചം നിറങ്ങളായി നിറഞ്ഞു 
നിഴലില്ലാത്ത നിറങ്ങള്‍ !!

അച്ഛനായ കാറ്റിനോടും
അമ്മയായ കടലിനോടും 
അവന്‍ സങ്കടം പറഞ്ഞു

ഒരു കുഞ്ഞോളമായി ജനിച്ച്
തിരയായി വളര്‍ന്ന്,കുമിളകളായി
തലതല്ലി ചിതറുന്നതിനിടക്ക് 
ഒറ്റതവണ വെളിച്ചത്തിലെത്താന്‍
ജ്വലിക്കുന്ന മുഖത്തോടെ 
സിരകളില്‍ ഉന്മാദമുയര്‍ത്തും 
ചൂടുള്ള വെളിച്ചത്തിലെത്താന്‍..

ദൂരെ, കരിമേഘ തടവറകളില്‍
നിഴലളന്നു മടുത്ത താരകള്‍
അവന്‍റെ വേദന കണ്ട്
തമോഗര്‍ത്തങ്ങളായി ആത്മഹത്യ ചെയ്തു

അനുഭവങ്ങള്‍ കറുത്ത വളയങ്ങളായടിഞ്ഞ
കണ്ണുകള്‍ തുറന്ന് രാത്രി ചിരിച്ചു
നിര്‍വികാരമായ ചിരി.!

രാത്രി  പറഞ്ഞു

ഇന്നുനീ വഴിമാറുക
നിന്നെ പിന്തുടരുന്നവര്‍ക്കായി
പക്ഷെ, കാത്തിരിക്കുക
നിന്‍റെ പുനര്‍ജന്മത്തിനായി
ഒരു ചുവന്ന പ്രഭാതത്തിലെ
സഫലമാകും ജനനത്തിന്

ഇരുട്ടിന്‍റെ മാറില്‍ പിടഞ്ഞു മരിച്ച
മകന്‍റെ ശവം അമ്മയില്‍ അലിയുമ്പോള്‍
കൂട്ടിനായ് മകനൊപ്പം അമ്മയയച്ച ഒരു മുത്ത്‌
ഉള്ളില്‍ ഒളിപ്പിച്ച കുഞ്ഞുതിളക്കവുമായി
കരയിലെ മണ്ണില്‍ പൂണ്ടു കിടന്നു
പ്രത്യാശയുടെ തിളക്കം..!