Monday, February 6, 2012

പിറക്കാന്‍ കൊതിക്കുന്ന സ്വപ്‌നങ്ങള്‍

ഇന്നലെ കണ്ട കിനാവിന്റെ പള്ളയില്‍ 
നാളത്തെ സ്വപ്നത്തെ ഒരു ഭ്രൂണമായ് ഞാന്‍ കണ്ടു 
ഒരു വെള്ളിക്കരണ്ടിക്കിരിക്കുവാന്‍ തക്കമതിന്‍
തൊള്ള തുറന്നു കിടന്നിരുന്നു 

പാതി തുറന്നിരു കണ്‍കളോന്നില്‍
നാട്ടു മാവിന്റെ പചിലചാര്‍ത്തു കണ്ടു
മറ്റൊന്നില്‍,
വേടനാല്‍ ചീന്തിയുപെക്ഷിക്കപ്പെട്ടൊരാ
പ്പീലിതന്‍ നീലിച്ച നിദ്ര കണ്ടു

ചുരുട്ടിപ്പിടിച്ച വലതു മുഷ്ട്ടിയിലമരാതെ
ഗുരുദക്ഷിണയെന്ന ബലിദര്‍പ്പണത്തിന്നായ്‌
തല നീട്ടിയ തള്ളവിരലു കണ്ടു

പൊക്കിള്‍കൊടിയിലെ ജട വച്ച വള്ളികള്‍ 
എന്‍ സിരയിലൂടൂര്‍ന്നു, ഹൃദയത്തിലേറി
തലച്ചോറുള്ളില്‍ വേരൂന്നി നിന്നിരുന്നു.

എന്നുള്ളിലൂറുന്ന നിറമുള്ള ചിന്തകള്‍ 
മുറിവില്‍നിന്നടരുന്ന മരനീരിന്‍ തുള്ളി പോല്‍ 
ജടയും കടന്നതിന്‍ ഉടലില്‍ തുടിക്കുന്ന 
ജീവനായ് ജനനത്തെ നോറ്റിരുന്നു..