നീര്‍മരുത് പറഞ്ഞു
എന്നെ നീ മുറിച്ചെടുക്കുക
വേണ്ടെനിക്കിന്നു നിന്റെ
കരുണയും കടപ്പാടും
നീര്‍മരുത് പറഞ്ഞു
എന്നെ നീ മുറിച്ചെടുക്കുക
പണ്ട് നീ തഴുകി തളിരാക്കിയ
എന്‍റെ മാറിടത്തില്‍ തന്നെ വീഴണം
നിന്റെ ആദ്യത്തെ വെട്ട്
ജലരൂപത്തില്‍ ചീറ്റിത്തെറിക്കുന്ന എന്‍റെ രക്തം
നീ പാനം ചെയ്യുക
ഔഷധമാണ്
നിന്റെ മുറിവുണങ്ങട്ടെ
പക്ഷെ അതിന്റെ നിറമില്ലായ്മയില്‍
നീ അവിശ്വസിക്കരുത്
ഒരിക്കല്‍ അതിനു നമ്മുടെ
സ്വപ്നങ്ങളുടെ നിറമായിരുന്നു
ഇന്ന് എന്‍റെ നിറങ്ങളെക്കെടുത്തി
എന്നില്‍ നിന്നും ഊര്‍ന്നു പോയത്
നിന്റെ കടും നിറങ്ങളാണ് .!
നീര്‍മരുത് പറഞ്ഞു
എന്നെ നീ മുറിച്ചെടുക്കുക
എന്‍റെ ശിഖരങ്ങള്‍
നിന്റെ മക്കള്‍ക്കുറങ്ങാനുള്ള
തൊട്ടിലാക്കാം
എന്‍റെ വേരുകള്‍
നിന്റെ കിടപ്പറ അലങ്കരിക്കാനുള്ള
ശില്‍പ്പങ്ങളാക്കാം
എന്‍റെ കാതല്‍ നിന്റെ ഇണയുടെ
അടിവയറിന്റെ ചൂടേറ്റുറങ്ങാനുള്ള
കട്ടിലാക്കാം; ഒരു പക്ഷെ
എന്‍റെ മൃത സാമീപ്യം
നിനക്കലോസരമാവില്ലെങ്കില്‍ മാത്രം !
നീര്‍മരുത് പറഞ്ഞു
എന്നെ നീ മുറിച്ചെടുക്കുക