Wednesday, November 5, 2014

ഭൂമിയിലെ വാൽനക്ഷത്രങ്ങൾ

വിറങ്ങലിച്ചു കിടക്കുന്ന മണ്ണ് 
നീയെടുത്തു കൊൾക ; പകരം 
വിതുമ്പുന്ന ഈ പിഞ്ചധരങ്ങൾ
 നീ എന്റെ മുലകൾക്ക് വിട്ടുതരിക
ദാഹങ്ങൾ ശമിക്കട്ടെ 

നാളത്തെ സൂര്യോദയം 
പുകമറയില്ലാതെ തെളിയട്ടെ 
കണ്ണുകളിൽ പ്രതിഫലിക്കുന്ന 
തീജ്വാലകൾ അണയട്ടെ 
നെഞ്ചിലെ ചൂട് 
മരവിച്ച മനസ്സുകളിലേക്ക് 
പകർത്തട്ടെ 

അപരാധികൾ നിങ്ങളാണ് 
ഭൂമിയിലെ തിരഞ്ഞെടുപ്പ്ഫലം കാത്തിരിക്കുന്ന 
സ്വര്ഗത്തിന്റെ ഉടമസ്ഥർ ..
നിങ്ങൾ, ആകാശത്തിനും ഭൂമിക്കുമോപ്പം 
മതങ്ങളെന്ന ശിഖണ്ടിയെ സൃഷ്ട്ടിച്ച് 
അവയ്ക്ക് പുറകിലിരുന്ന്  
മനുഷ്യർക്ക്‌ മേലെ ഒളിയമ്ബെയ്യുന്നവർ
 
 
ഓർക്കുക
വഴി തെറ്റിയ ഒരു വാൽനക്ഷത്രം 
സ്വർഗത്തിൽ പതിക്കുന്ന ദിനം വരും 
ശുഭ്ര വർണങ്ങളിൽ ചുവപ്പ് പടരും 
ചന്ദനത്തിനും , ഊദിനും ,കുന്തിരിക്കത്തിനും മേലെ 
കരിഞ്ഞ മാംസത്തിന്റെ ഗന്ധം പറക്കും 
അന്ന് ദൈവങ്ങളുടെ നിലവിളി 
ആകാശത്തിൽ മുഴങ്ങും 

താഴെ 
നക്ഷത്രങ്ങൾ നിറഞ്ഞ വിണ്ണിനെ
നോക്കിചിരിക്കുന്ന 
കുഞ്ഞുങ്ങളിലെ നിഷ്കളങ്കതയിൽ 
നമ്മുടെ പ്രതീക്ഷകൾ
ഭദ്രമായിരിക്കും ..  

യാത്രാമൊഴി

നിന്റെ മൌനത്തിൻ ഗുഹാമുഖത്തെപ്പോഴോ
എന്റെ ശബ്ദങ്ങൾ നിലച്ചൂ  
നിൻ തളിർ  കണ്‍തടം പുതച്ച കരിമ്പടം 
എന്റെ സ്വപ്‌നങ്ങൾ മറച്ചു 

ഇരുളിലൂടൂളയിട്ടെത്തുന്ന  മൃതിയുടെ   
പരിഹാസമിനിയേറ്റു  വാങ്ങാം 
ഒടുവിലായ് പ്രാണൻ പകുത്തു നീ നല്കിയ 
അരുമയെ നെഞ്ചോടു ചേര്ക്കാം 

കണ്‍കണ്ട കദനങ്ങൾ 
കഥകളായ് മറയുമ്പോൾ 
ഇരുൾ പുകച്ചുരുളുകളിൽ 
ചുടല മണമുയരുമ്പോൾ 
കനിവുമായെത്തിയ കാറ്റും  മടങ്ങുമ്പോൾ  
നിനവുകളിൽ കാലത്തിൻ 
കരിന്തിരി കത്തുന്നു.. 

വിട തരികെനികിന്നു
ഓർമ്മയുടെ
ഇടവഴികൾ ഇനിയെന്നും ശൂന്യം
ഇടവഴികൾ ഇനിയെന്നും ശൂന്യം..