Monday, September 5, 2011

പുനര്‍ജ്ജന്മം


ഇരവിലെ ഒരു തിര ഇത്തിരി
വെട്ടതിനായി കരഞ്ഞു
പൂക്കളുടെ നിറവും
ആകാശത്തിന്റെ ആഴവും 
ഇണചേര്‍ന്ന വെട്ടത്തിന് 

അവന്‍ കേട്ട സ്വര്‍ഗത്തില്‍ 
വെളിച്ചമായിരുന്നു ദൈവത്തിന്റെ പ്രതിപുരുഷന്‍
അവന്‍റെ ഹൃദയത്തില്‍ 
അവന്‍റെ സ്വപ്നങ്ങളില്‍ 
വെളിച്ചം നിറങ്ങളായി നിറഞ്ഞു 
നിഴലില്ലാത്ത നിറങ്ങള്‍ !!

അച്ഛനായ കാറ്റിനോടും
അമ്മയായ കടലിനോടും 
അവന്‍ സങ്കടം പറഞ്ഞു

ഒരു കുഞ്ഞോളമായി ജനിച്ച്
തിരയായി വളര്‍ന്ന്,കുമിളകളായി
തലതല്ലി ചിതറുന്നതിനിടക്ക് 
ഒറ്റതവണ വെളിച്ചത്തിലെത്താന്‍
ജ്വലിക്കുന്ന മുഖത്തോടെ 
സിരകളില്‍ ഉന്മാദമുയര്‍ത്തും 
ചൂടുള്ള വെളിച്ചത്തിലെത്താന്‍..

ദൂരെ, കരിമേഘ തടവറകളില്‍
നിഴലളന്നു മടുത്ത താരകള്‍
അവന്‍റെ വേദന കണ്ട്
തമോഗര്‍ത്തങ്ങളായി ആത്മഹത്യ ചെയ്തു

അനുഭവങ്ങള്‍ കറുത്ത വളയങ്ങളായടിഞ്ഞ
കണ്ണുകള്‍ തുറന്ന് രാത്രി ചിരിച്ചു
നിര്‍വികാരമായ ചിരി.!

രാത്രി  പറഞ്ഞു

ഇന്നുനീ വഴിമാറുക
നിന്നെ പിന്തുടരുന്നവര്‍ക്കായി
പക്ഷെ, കാത്തിരിക്കുക
നിന്‍റെ പുനര്‍ജന്മത്തിനായി
ഒരു ചുവന്ന പ്രഭാതത്തിലെ
സഫലമാകും ജനനത്തിന്

ഇരുട്ടിന്‍റെ മാറില്‍ പിടഞ്ഞു മരിച്ച
മകന്‍റെ ശവം അമ്മയില്‍ അലിയുമ്പോള്‍
കൂട്ടിനായ് മകനൊപ്പം അമ്മയയച്ച ഒരു മുത്ത്‌
ഉള്ളില്‍ ഒളിപ്പിച്ച കുഞ്ഞുതിളക്കവുമായി
കരയിലെ മണ്ണില്‍ പൂണ്ടു കിടന്നു
പ്രത്യാശയുടെ തിളക്കം..!

Saturday, August 20, 2011

പൂക്കാലം

കാലത്തിന്റെ വേഗത്തിന് മുന്‍പില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ കടപുഴകിയ
ആ ചെമ്പകതൈ, ഇപ്പോഴും ജീര്‍ണിക്കാതെ മണ്ണില്‍ പുതഞ്ഞു കിടക്കുന്നു..
ആദ്യമായും അവസാനമായും മൊട്ടിട്ട ഒരേ ഒരു പൂവ്
വിടരും മുന്‍പേ കൊഴിഞ്ഞിട്ടും ,
ഇനിയൊരു പൂക്കാലം ഉണ്ടാകില്ല എന്നറിഞ്ഞിട്ടും
അതിന്റെ വേരുകള്‍ ഒരു പുതു മുളക്കായി രക്തം പൊടിക്കുന്നു..

Tuesday, January 4, 2011

അന്നും ഇന്നും

ഒര്മിക്കാറില്ല  നിന്നെ ഞാനെന്നും
ഒന്നോര്‍മിച്ചാല്‍, ഒരു നീറ്റലെന്‍ നെഞ്ചില്‍
നഷ്ട്ടപ്പെടല്‍ കൊണ്ടല്ല, ഒരുപക്ഷെ
ഇഷ്ട്ടക്കൂടുതല്‍ കൊണ്ടാകുമോ ?!

നിന്റെ കണ്ണുകളില്‍ ഞാനിപ്പോള്‍ നോക്കാറില്ല
അപകര്‍ഷതാബോധം കൊണ്ടല്ല, പേടി കൊണ്ട് ;
നിന്റെ കണ്ണുകളില്‍ ഞാനിപ്പോഴും എന്നെ കാണുന്നു
എന്നെ എനിക്ക് പണ്ടേ പേടിയാണ്..!

എന്തെന്നറിയില്ല, നിന്റെ അഭിനന്ദനങ്ങളിന്നെന്നില്‍
ദേഷ്യം മുളപ്പിച്ചു, ശാസനകള്‍ സന്തോഷവും
അഭിനന്ദനത്തിലെ സ്നേഹം കാണാഞ്ഞല്ല ,ഒരുപക്ഷെ
ശാസനയിലെ സ്നേഹക്കൂടുതല്‍ കണ്ടിട്ട് ..!

എന്റെ ചുംബനങ്ങളിന്നു നീ ചോദിക്കാറില്ല
ആശിക്കാതാവില്ല, ഒരുപക്ഷെ മറ്റൊരാള്‍
അവയുടെ ചൂടും ചൂരും നിന്റെ ചുണ്ടില്‍ നിന്നും
പറിച്ചെടുക്കും എന്ന തിരിച്ചറിവ് ..

അന്ന് നാം മരം ചുറ്റി നടന്നിട്ടില്ല,
മരങ്ങളും ഭൂമിയും നമ്മെ ചുറ്റുകയായിരുന്നു
ഒരു പക്ഷെ ഭ്രമണത്തിന്റെ ദിശ മാറിയതാവാം
ഇന്ന് നാം പരസ്പരം ചുറ്റുന്നു..

അന്ന് നമുക്കിടയില്‍ ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല
ഉത്തരങ്ങള്‍ മാത്രം..
ഇന്ന് നീ ചോദിച്ചത്തിനു
ഞാന്‍ ഉത്തരം പറഞ്ഞില്ല,

അറിയാതെയല്ല, ആ ചോദ്യങ്ങള്‍
എനിക്കും ചോദിക്കാം നിന്നോട് എന്ന അറിവുകൊണ്ട്‌ .

അന്ന് നിനക്ക് വേണ്ടി ഞാന്‍ ഒന്നും ത്യജിച്ചില്ല,
ആരെയും കൊന്നില്ല, എന്നെ ഒഴിച്ച്..!
ഇന്ന്, മരണം ലഹരിയായ് മനസ്സും കടന്ന്
മുടന്തുന്നു, മണ്ണിലേക്കെത്താന്‍..

അന്നും ഇന്നും നിലനില്‍ക്കുന്ന ഒരു സംശയം ബാക്കി
ഞാന്‍ നിന്നെയോ , നീ എന്നെയോ കൂടുതല്‍ സ്നേഹിച്ചു ?!