Tuesday, January 4, 2011

അന്നും ഇന്നും

ഒര്മിക്കാറില്ല  നിന്നെ ഞാനെന്നും
ഒന്നോര്‍മിച്ചാല്‍, ഒരു നീറ്റലെന്‍ നെഞ്ചില്‍
നഷ്ട്ടപ്പെടല്‍ കൊണ്ടല്ല, ഒരുപക്ഷെ
ഇഷ്ട്ടക്കൂടുതല്‍ കൊണ്ടാകുമോ ?!

നിന്റെ കണ്ണുകളില്‍ ഞാനിപ്പോള്‍ നോക്കാറില്ല
അപകര്‍ഷതാബോധം കൊണ്ടല്ല, പേടി കൊണ്ട് ;
നിന്റെ കണ്ണുകളില്‍ ഞാനിപ്പോഴും എന്നെ കാണുന്നു
എന്നെ എനിക്ക് പണ്ടേ പേടിയാണ്..!

എന്തെന്നറിയില്ല, നിന്റെ അഭിനന്ദനങ്ങളിന്നെന്നില്‍
ദേഷ്യം മുളപ്പിച്ചു, ശാസനകള്‍ സന്തോഷവും
അഭിനന്ദനത്തിലെ സ്നേഹം കാണാഞ്ഞല്ല ,ഒരുപക്ഷെ
ശാസനയിലെ സ്നേഹക്കൂടുതല്‍ കണ്ടിട്ട് ..!

എന്റെ ചുംബനങ്ങളിന്നു നീ ചോദിക്കാറില്ല
ആശിക്കാതാവില്ല, ഒരുപക്ഷെ മറ്റൊരാള്‍
അവയുടെ ചൂടും ചൂരും നിന്റെ ചുണ്ടില്‍ നിന്നും
പറിച്ചെടുക്കും എന്ന തിരിച്ചറിവ് ..

അന്ന് നാം മരം ചുറ്റി നടന്നിട്ടില്ല,
മരങ്ങളും ഭൂമിയും നമ്മെ ചുറ്റുകയായിരുന്നു
ഒരു പക്ഷെ ഭ്രമണത്തിന്റെ ദിശ മാറിയതാവാം
ഇന്ന് നാം പരസ്പരം ചുറ്റുന്നു..

അന്ന് നമുക്കിടയില്‍ ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല
ഉത്തരങ്ങള്‍ മാത്രം..
ഇന്ന് നീ ചോദിച്ചത്തിനു
ഞാന്‍ ഉത്തരം പറഞ്ഞില്ല,

അറിയാതെയല്ല, ആ ചോദ്യങ്ങള്‍
എനിക്കും ചോദിക്കാം നിന്നോട് എന്ന അറിവുകൊണ്ട്‌ .

അന്ന് നിനക്ക് വേണ്ടി ഞാന്‍ ഒന്നും ത്യജിച്ചില്ല,
ആരെയും കൊന്നില്ല, എന്നെ ഒഴിച്ച്..!
ഇന്ന്, മരണം ലഹരിയായ് മനസ്സും കടന്ന്
മുടന്തുന്നു, മണ്ണിലേക്കെത്താന്‍..

അന്നും ഇന്നും നിലനില്‍ക്കുന്ന ഒരു സംശയം ബാക്കി
ഞാന്‍ നിന്നെയോ , നീ എന്നെയോ കൂടുതല്‍ സ്നേഹിച്ചു ?!





No comments:

Post a Comment