Saturday, December 28, 2013

ഗുരുഭക്തി

പാതകളിൽ പടരുന്ന
അഗ്നിക്കുമേൽ നടന്നെത്താൻ
അനുഭവങ്ങളുടെ തഴമ്പ്
പൊതിയുന്നത് വരെ നമ്മൾ
നിലനിൽപ്പിന്‌ ശിഷ്യപ്പെടുന്നു

ആത്മാവിൽ പുകയുന്ന
കനലുകൾക്ക് മേലെ കണ്ണുനീരിറ്റിച്ച്
തണുപ്പിക്കുന്ന കാലം
മറവികൾ ചാലിച്ച ...
മരുന്ന് തന്ന്
മയക്കത്തിലേക്ക് ക്ഷണിക്കുന്നു

ഭൂതകാലത്തിന്റെ ചോദ്യങ്ങൾക്കെതിരെ
സമരം പ്രഖ്യാപിച്ച ലഹരി
പ്രജ്ഞയെ
അബോധത്തിലേക്ക്
മറച്ചു പിടിക്കുന്നു

മരിച്ചുപോകുമെന്ന ദൈവത്തിന്റെ
മുന്നറിയിപ്പിനെ പരിഹസിച്ച്
ജീവിതം
അറ്റം പൊട്ടാറായ ഞാണിൽ കയറി
പുതിയ അഭ്യാസങ്ങൾ
പരിശീലിച്ചു കൊണ്ടിരിക്കുന്നു ...

Wednesday, December 18, 2013

കാലത്തിന്റെ കണക്കുകൾ

കണക്കുകൾക്കുള്ളിലാണ് ജീവിതം
നൂലുകൾ പൊട്ടിയെങ്ങിലും
വിട്ടുപോകാതെ
തലയ്ക്കു ചുറ്റും
കാറ്റില്ലാതെ
അവ കറങ്ങുന്നു

വിയര്പ്പിന്റെ ഗന്ധവും
നാണയങ്ങളുടെ കിലുക്കവും
കടപ്പാടുകളുടെ മൌനവും...
സ്നേഹത്തിന്റെ തീഷ്ണതയും
അവകാശങ്ങളുടെ ദൈന്യതയും
പ്രതികാരത്തിന്റെ ക്രൂരതയും
നിർവികാരതയുടെ തണുപ്പും
ഇടകലർന്ന കണക്കുകൾ

എനിക്കവകാശപ്പെട്ട കണക്കുകൾ
നടന്നു തീർന്ന വഴികളിലെ ഇരുട്ടിൽ
എനിക്കൊപ്പം എരിയേണ്ട
മാവിന്റെ ചുവട്ടിൽ
വെളിച്ചം കടക്കാത്ത
ഒരു കറുത്ത ചാക്കിൽ കെട്ടി
ഞാനുപേക്ഷിച്ചിരിക്കുന്നു

എന്നിട്ടും
എത്ര ശ്രമിച്ചിട്ടും
നഷ്ട്ടപ്പെടുന്ന കാലത്തിന്റെ കണക്കുകൾ
നൂലുപൊട്ടാതെ
ഇപ്പോഴും എന്റെ മോതിരവിരലിൽ
കുടുങ്ങിത്തന്നെ കിടക്കുന്നു ..

പരിണാമം

നിരത്തിലെ മതിലിനരികിൽ
ആരാലും ശ്രദ്ധിക്കപ്പെടാതെ
ഇന്നലെ മുളച്ച
ഒരു കുഞ്ഞു ചെടി
വെയിലേറ്റ് കൂമ്പിയ
നനുത്ത രണ്ടിലകൾ..

തുറിച്ചു നോക്കുന്ന വേനലിനും
കാത്തു നില്ക്കുന്ന
മഴക്കാറുകൾക്കുമിടയിലേക്ക്...
നാളെ അത്
ഒരു മരമായി വളരും
ശിഖരങ്ങള്‍ വേരുകളിലേക്ക് വളരുകയും
വേരുകളില്‍ ഇലകള്‍ പൊടിയുകയും ചെയ്യുന്ന മരം

അതിൽ
രാത്രികളുടെ നിറമുള്ള പൂക്കൾ വിടരും
വിയർപ്പിന്റെ മണമുള്ള പൂക്കളിൽ
രക്തത്തിൻ നിറമുള്ള തേൻ കിനിയും
വഴി തെറ്റി വരുന്ന നരിച്ചീറുകൾ
അവ നുകരും
അവർ വഴി പരാഗണം നടക്കും
പുതിയ വിത്തുകൾ വിതക്കപ്പെടും
വിശപ്പുകൾക്കും
എച്ചിലുകൾക്കുമിടയിൽ
എവിടെയോ
അവയും മുളക്കും

പതിവുകൾ തെറ്റിച്ച്
ഇരുട്ടു തേടി വളയും
മരങ്ങളായി വളരും

ശിഖരങ്ങള്‍ വേരുകളിലേക്ക് വളരുകയും
വേരുകളില്‍ ഇലകള്‍ പൊടിയുകയും ചെയ്യുന്ന മരങ്ങൾ

ആധി

ഒഴിഞ്ഞ സ്ഥലങ്ങളിലെ
ഒഴിവുകളെ ഓർത്താണ്
എന്റെ ആധി

ഒഴിഞ്ഞു കിടക്കുന്ന മുറി
നഷ്ട്ടപ്പെട്ട ശബ്ധങ്ങളാൽ നിറയ്ക്കണം
ഒഴിഞ്ഞ ചുമരുകളിൽ
സ്വപ്നങ്ങളുടെ നിറങ്ങൾ തേക്കണം
പറമ്പിലെ ഒഴിഞ്ഞ മൂലകളിൽ
പറങ്കിമാവിൻ തൈ നടണം ...
എനിക്കു വേണ്ടി ഒരുക്കിയ
ആറടിയിലെ ഒഴിവിൽ
നിങ്ങൾ എന്നെ നിറയ്ക്കണം

നിറഞ്ഞു പെയ്യുന്ന കണ്ണുനീരിലൂടെ
ഞാൻ നിങ്ങളുടെ മനസ്സുകളിൽ നിന്ന്
ഒഴിഞ്ഞു പോവും
പക്ഷെ ,അപ്പോഴും
ആ ഒഴിവു ബാക്കിയാകും

അതെ ..
ഒഴിഞ്ഞ സ്ഥലങ്ങളിലെ
ഒഴിവുകളെ ഓർത്താണ്
എന്റെ ആധി

നിർഭാഗ്യവാന്മാർ

നിലവിളക്കിലെ തിരികൾ
നിറഞ്ഞു കത്തുമ്പോഴും
നിഴലു നഷ്ട്ടപ്പെടുന്നവർ
നിർഭാഗ്യവാന്മാർ..

നടന്നു തീര്ന്ന വഴികളിൽ
നിരന്നു നിൽക്കും നിഴലുകളോട്
നിലനില്പ്പിനായി പൊരുതുന്നവരും
നിർഭാഗ്യവാന്മാർ..
...
നിഴലുകളില്ലാത്ത ലോകത്ത്
നിഴലിനെ കാത്തിരിക്കുന്നവരും
നിർഭാഗ്യവാന്മാർ..

തിരഞ്ഞെടുത്ത വഴികൾ

നീ വഴിമാറുക
നിന്റെ മാർഗങ്ങളിൽ നിന്നും
ലക്ഷ്യങ്ങൾ വഴിമാറുമ്പോൾ
നീ വഴിമാറുക
കൂടെ നടക്കുന്നവർ
കൂട്ടം തെറ്റിക്കും മുൻപ്
നീ വഴിമാറുക

നീ വഴിമാറുക...
മഴ കാത്തു കിടക്കുന്ന ...
വേനലുകളിലൂടെ
ഇരുൾ വിഴുങ്ങിത്തുടങ്ങിയ
സന്ധ്യകളിലൂടെ
പറയാതെ പോയ
വാക്കുകളിലൂടെ
എഴുതാതെ പോയ
വരികളിലൂടെ
ആത്മാവിന്റെ ശൂന്യതയിലേക്ക്
നീ വഴിമാറുക..

കാത്തിരുപ്പിന്റെ ഫലം

ശരികളുടെ ശവകുടീരത്തിന് മുകളിൽ
ചുവന്ന പൂക്കൾ നിറഞ്ഞ
ഒരു പൂച്ചെണ്ട്
മുറിച്ചെടുത്ത തള്ളവിരലിനു പകരം
ഒരു പൊതിച്ചോർ
ജീവിതത്തിനെ നോക്കി
വിരുന്നു വിളിക്കുന്നത്‌
കണ്ണ് പൊട്ടിയ ഒരു കാക്ക
വിട്ടു പോകുന്ന കണ്ണികൾക്ക് പകരം
സ്വർഗത്തിലേക്കുള്ള പാതയുടെ ...
പ്രലോഭനങ്ങൾ
കൂട്ടിലെത്താൻ പറക്കുന്ന
കുരുവിയെ കാത്തിരിക്കുന്ന
കഴുകൻ
തൊണ്ടയിൽ പാതിയമർന്ന
നിലവിളി
വേണ്ടത്,
പുനർജ്ജന്മം കൊതിക്കാത്ത
മരണം
നിത്യ ശാന്തി ..

തിരിച്ചറിവുകൾ

നിന്നിലെവിടെയോ
ഞാൻ സ്പന്ദിച്ചു തുടങ്ങിയിരിക്കുന്നു
വാക്കുകളിൽ
പ്രണയത്തിന്റെ സൂക്ഷ്മത
പുഞ്ചിരിയിൽ
കണ്ണുനീരിന്റെ ആർദ്രത
നിസ്സഹായതയിൽ തട്ടി
തിരിച്ചു വരുന്ന യാത്ര പറച്ചിലുകൾ
ക്ഷമാപണത്തിൽ പോലും
തെളിഞ്ഞു നിന്നത് ...
വൈകിയതിന്റെ ദുഖം
എന്നിട്ടും , എന്നിലവശേഷിച്ചത്
നിന്റെ അവസാന വരികളിലെ മുഴക്കം മാത്രം
"ഞാൻ പുനർജന്മങ്ങളിൽ വിശ്വസിക്കുന്നു "..!

ജീവിതം

ഉരുട്ടിക്കയറ്റിയ കല്ലുകൾക്കിടയിൽ
ഉറങ്ങിപ്പോകുന്ന ജീവിതം ..

അകത്തേക്ക് തുറക്കുന്ന വാതിൽ

ഉള്ളിൽ ഒരു മുറി കൂടി പണിയണം
സ്ഥലം പോരാഞ്ഞിട്ടല്ല
ഉള്ളത് പകുക്കണം
ഈ വാതിൽ മാറ്റണം
പഴതായിട്ടല്ല
എന്നാലും മാറ്റണം

രണ്ടു വാതിലുകൾ വക്കണം
ഒന്ന് തുറന്നിടാം
വന്നു പോകുന്നവര്ക്ക് വിശ്രമിക്കാൻ ...
മറ്റൊന്നിന്റെ
അകത്തേക്ക് തുറക്കുന്ന വാതിൽ
പൂട്ടിയിടണം
തുറക്കാൻ വരുന്നവരോട്
താക്കോൽ കളഞ്ഞു പോയെന്നു പറയാം
പണ്ടേ നിനക്ക് ശ്രദ്ധയില്ലന്നേ അവർ പറയൂ

ഇന്നും അവർ എന്റെ അശ്രദ്ധ മാത്രം ശ്രദ്ധിക്കുന്നത്
ശ്രദ്ധയോടെ തിരിച്ചറിയാം ,എന്നിട്ട്
അവരെ തുറന്ന മുറിയിലേക്ക് ക്ഷണിക്കാം
തൽക്കാലം അവർ വിശ്രമിക്കട്ടെ ..