Tuesday, August 7, 2012

നീര്‍മരുതിന്റെ പ്രണയം

നീര്‍മരുത് പറഞ്ഞു
എന്നെ നീ മുറിച്ചെടുക്കുക
വേണ്ടെനിക്കിന്നു നിന്റെ
കരുണയും കടപ്പാടും

നീര്‍മരുത് പറഞ്ഞു
എന്നെ നീ മുറിച്ചെടുക്കുക

പണ്ട് നീ തഴുകി തളിരാക്കിയ
എന്‍റെ മാറിടത്തില്‍ തന്നെ വീഴണം
നിന്റെ ആദ്യത്തെ വെട്ട്
ജലരൂപത്തില്‍ ചീറ്റിത്തെറിക്കുന്ന എന്‍റെ രക്തം
നീ പാനം ചെയ്യുക
ഔഷധമാണ്
നിന്റെ മുറിവുണങ്ങട്ടെ
പക്ഷെ അതിന്റെ നിറമില്ലായ്മയില്‍
നീ അവിശ്വസിക്കരുത്
ഒരിക്കല്‍ അതിനു നമ്മുടെ
സ്വപ്നങ്ങളുടെ നിറമായിരുന്നു
ഇന്ന് എന്‍റെ നിറങ്ങളെക്കെടുത്തി
എന്നില്‍ നിന്നും ഊര്‍ന്നു പോയത്
നിന്റെ കടും നിറങ്ങളാണ് .!

നീര്‍മരുത് പറഞ്ഞു
എന്നെ നീ മുറിച്ചെടുക്കുക

എന്‍റെ ശിഖരങ്ങള്‍
നിന്റെ മക്കള്‍ക്കുറങ്ങാനുള്ള
തൊട്ടിലാക്കാം
എന്‍റെ വേരുകള്‍
നിന്റെ കിടപ്പറ അലങ്കരിക്കാനുള്ള
ശില്‍പ്പങ്ങളാക്കാം
എന്‍റെ കാതല്‍ നിന്റെ ഇണയുടെ
അടിവയറിന്റെ ചൂടേറ്റുറങ്ങാനുള്ള
കട്ടിലാക്കാം; ഒരു പക്ഷെ
എന്‍റെ മൃത സാമീപ്യം
നിനക്കലോസരമാവില്ലെങ്കില്‍ മാത്രം !

നീര്‍മരുത് പറഞ്ഞു
എന്നെ നീ മുറിച്ചെടുക്കുക

Tuesday, May 1, 2012

ചക്രവ്യൂഹം



ഞാന്‍ ആഗ്രഹിച്ച ശാന്തിക്കും മീതെ
യുദ്ധങ്ങള്‍  എന്നെ ആഗ്രഹിച്ചു
ദൈവങ്ങള്‍ക്കെന്നും യുദ്ധത്തിലെ
കടും നിറങ്ങളോടായിരുന്നു താല്‍പ്പര്യം
ആഴിയില്‍ ഉരുകിയ അരക്കില്ലത്തിലെ
ഒരു കറുത്ത ജഡത്തിനു ജനം
എന്റെ പേരു വിളിച്ചപ്പോള്‍

അകലെ ഞാന്‍
അമ്മയുറങ്ങിപ്പോയ നിമിഷങ്ങളെയും
വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ
അച്ഛന്റെ നിര്ഭാഗ്യതെയും ശപിച്ച്

അകപ്പെട്ട  ചക്രവ്യൂഹത്തിന്റെ
പുറംവാതില്‍ തിരയുകയായിരുന്നു. 

Thursday, April 19, 2012

അന്ധഹസ്തിന്യായങ്ങള്‍

മരണം; ഒരു പ്രതികാരം..
തന്നെ  മറന്നുള്ള ജീവിതത്തിനോട്
ശരീരത്തിനെ ഉപേക്ഷിച്ചുള്ള
ആത്മാവിന്റെ പ്രതികാരം..

മരണം , ഒരു  നിറക്കാഴ്ച
വെള്ള പുതപ്പിക്കുന്ന കാവിയും
കറുപ്പുയര്തുന്ന ചുവപ്പും
നിവര്‍ന്നു നിരന്ന കാക്കിയും

മരണം, ഒരു തീര്‍ഥ യാത്ര
ജന്മ ശാപങ്ങളുടെയും കര്‍മ ഫലങ്ങളുടെയും
ഇടയിലൂടെ, മുക്തിയിലേക്ക്
ഒരു മോക്ഷ യാത്ര..

 മരണം, ഒരു കര്‍ത്തവ്യം..
ജന്മ ദേശത്തിന്റെ മേലെ പരക്കുന്ന
അന്യ ദേശത്തിന്റെ നിഴലകറ്റാന്‍‍

 മരണത്തിലേക്കിന്നു  ഞാനും പറക്കുന്നു
ന്യായങ്ങള്‍ക്കു‍ നിരക്കാത്ത കാരണങ്ങളോടെ
ഒരു പക്ഷെ, വെട്ടം കണ്ടു മോഹി -
ച്ചോരീയാം പാറ്റയെപ്പോലെ..!

Saturday, April 14, 2012

കാല്‍പ്പാടുകള്‍.

എന്റെ കാല്‍പ്പാടുകളില്‍ പതിഞ്ഞ
നിന്റെ, പരിഭവത്തിന്റെ നിഴലുകള്‍
പാതി വഴി പിന്നിട്ടു പക്ഷെ, പരസ്പരം
പറയാന്‍ മറന്ന വാക്കുകള്..


Monday, February 6, 2012

പിറക്കാന്‍ കൊതിക്കുന്ന സ്വപ്‌നങ്ങള്‍

ഇന്നലെ കണ്ട കിനാവിന്റെ പള്ളയില്‍ 
നാളത്തെ സ്വപ്നത്തെ ഒരു ഭ്രൂണമായ് ഞാന്‍ കണ്ടു 
ഒരു വെള്ളിക്കരണ്ടിക്കിരിക്കുവാന്‍ തക്കമതിന്‍
തൊള്ള തുറന്നു കിടന്നിരുന്നു 

പാതി തുറന്നിരു കണ്‍കളോന്നില്‍
നാട്ടു മാവിന്റെ പചിലചാര്‍ത്തു കണ്ടു
മറ്റൊന്നില്‍,
വേടനാല്‍ ചീന്തിയുപെക്ഷിക്കപ്പെട്ടൊരാ
പ്പീലിതന്‍ നീലിച്ച നിദ്ര കണ്ടു

ചുരുട്ടിപ്പിടിച്ച വലതു മുഷ്ട്ടിയിലമരാതെ
ഗുരുദക്ഷിണയെന്ന ബലിദര്‍പ്പണത്തിന്നായ്‌
തല നീട്ടിയ തള്ളവിരലു കണ്ടു

പൊക്കിള്‍കൊടിയിലെ ജട വച്ച വള്ളികള്‍ 
എന്‍ സിരയിലൂടൂര്‍ന്നു, ഹൃദയത്തിലേറി
തലച്ചോറുള്ളില്‍ വേരൂന്നി നിന്നിരുന്നു.

എന്നുള്ളിലൂറുന്ന നിറമുള്ള ചിന്തകള്‍ 
മുറിവില്‍നിന്നടരുന്ന മരനീരിന്‍ തുള്ളി പോല്‍ 
ജടയും കടന്നതിന്‍ ഉടലില്‍ തുടിക്കുന്ന 
ജീവനായ് ജനനത്തെ നോറ്റിരുന്നു..


 

Saturday, January 7, 2012

ഓര്മച്ചൂട്

മങ്ങിത്തുടങ്ങിയ സന്ധ്യയില്‍
ഓര്‍മയുടെ മണല്‍പ്പരപ്പില്‍
മുന്‍പേ പോയവരുടെയും
ഒപ്പം നടന്നവരുടെയും
പിറകേ വന്നവരുടെയും
ചെറുതും വലുതും ഇടകലര്‍ന്ന
കാല്‍പ്പാടുകള്‍ ..
കൂട്ടത്തില്‍, കാറ്റാടികള്‍ക്കിടയില്‍
കരിയില മൂടി.. എന്റെയും..!
നനഞ്ഞു തുടങ്ങിയ മിഴികളില്ല
കോര്‍ത്ത്‌ പിടിച്ച കൈകളും .. എങ്കിലും,
സ്വന്തം അസ്ഥികള്‍ കത്തിച്ച തീയില്‍
നാളത്തേക്കുള്ള അപ്പം ചുടുന്നവര്‍ക്കൊപ്പം
നെഞ്ചിലെ കനലോതുക്കി
വേദനകള്ക്കുമേല്‍ ചിരി പുരട്ടി
ചെറു സൌഹൃദ തണലില്‍
നമുക്ക് കൂട്ടിരിക്കാം..