Monday, June 17, 2013

സഹയാത്രികൻ

ഞാൻ ആദ്യമായി നടന്ന ദിവസം തന്നെയാണ് 
നീയെന്നെ ആദ്യമായി വീഴ്ത്തിയതും 
ജീവിതത്തിലെ കുഴികൾ ശ്രദ്ധിക്കാൻ വേണ്ടിയാകുമെന്ന് 
അന്നെന്നോട് അമ്മ പറഞ്ഞു 
ഞാൻ ഓടിത്തുടങ്ങിയ അന്ന് 
എന്റെ മുൻപിൽ നീയൊരു കായൽ ഒരുക്കി 
ജീവിതത്തിന്റെ ആഴങ്ങൾ അറിയാൻ വേണ്ടിയാകുമെന്ന് 
അമ്മ വീണ്ടും പറഞ്ഞു
ഞാൻ നീന്തിതുടങ്ങിയ അന്ന് 
ആ കായൽ നീയൊരു സമുദ്രമാക്കി 
തിരമാലകൾക്കെതിരെ ഞാനിന്നെന്റെ
കുഞ്ഞു തോണി തുഴയുമ്പോൾ
എന്തിനു നീ അതേ തോണിയേറി
എന്റെ എതിർ ദിശയിലേക്ക് തുഴയുന്നു?
വിശദീകരണങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ
ഞാനെന്റെ തുഴച്ചിൽ നിര്ത്തുന്നു
ഇനിയെന്റെ യാത്ര
നിന്റെ ദിശയിൽ ...

Monday, June 10, 2013

നിഴലാട്ടങ്ങള്‍

നാടകങ്ങള്‍  കഴിഞ്ഞു
നാടക സീസണും 
വേഷങ്ങള്‍ അഴിച്ച്  
മുഖത്തെ ചായങ്ങള്‍ മായ്ക്കാതെ 
രൂപങ്ങള്‍  തട്ടിറങ്ങി
 
നിലനില്‍പ്പാണ് പ്രശ്നം 
ഹിറ്റ്ലര്‍ കിണറ്റിന്‍ കരയിലാണ് 
സംവിധായകന്റെ കോണം കഴുകണം 
വീണ നിലത്തു വച്ച് നാരദര്‍ 
നിര്‍മാതാവിന്റെ പുറം ചൊറിയുന്നു 
തന്റെ ഊഴം കാത്ത് ശിഖന്ഡി 
കിടപ്പറയില്‍ മുട്ടിലിരുന്നു 

പകല്‍ വെളിച്ചതിലെക്കിറങ്ങാന്‍ തുനിഞ്ഞ ജനത്തെ 
അഴിഞ്ഞുലഞ്ഞ  വസ്ത്രങ്ങളും 
ഒരു കണ്ണില്‍ കാമവും 
മറു കണ്ണില്‍ ദീനതയുമായി 
ദ്രൗപതി തടഞ്ഞു 
നിലനില്‍പ്പാണ് പ്രശ്നം

പകല്‍ വെളിച്ചത്തിലെ നിഴലാട്ടങ്ങള്‍ക്കു
മുഖം തിരിച്ച് 
ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി 
കുചേലന്‍ മാത്രം ഇറങ്ങി നടന്നു 
തോളില്‍ തൂക്കിയ ഭാണ്ഡത്തില്‍ 
അവില്‍പൊതി ഭദ്രമായിരുന്നു ..

മരണക്കുറിപ്പ്

എന്റെ ആദ്യത്തെയും അവസാനത്തെയും കുറിപ്പ്  
നിങ്ങൾക്കുള്ളതാണ്
എനിക്കറിയാം  
നിങ്ങൾ എന്നെ വിശ്വസിക്കും 
എന്നത്തേയും പോലെ ..
മാത്രമല്ല , മരണക്കുറിപ്പ് 
കോടതികൾ പോലും വിശ്വസിക്കും 
പക്ഷെ, വിഡ്ഢികളേ ..
ഇതിൽ ഞാൻ നിങ്ങളെ ചതിക്കും 
ഇതു മുഴുവൻ നുണയാണ് 
ജീവിതത്തിലെ കറുത്ത ഫലിതങ്ങൾ
ഇവിടെ 
എന്റെ നെഞ്ചിൽ  വയ്ക്കാനുള്ള പൂക്കൾക്കായ്
നിങ്ങൾ പരതുമ്പോൾ
അകലെ 
ജീവിച്ചിരിക്കുന്ന വിഡ്ഢികളിൽ നിന്നും 
എന്റെ പേര് വെട്ടാൻ; ഞാൻ
 ദൈവത്തെ സഹായിക്കയാകും