Wednesday, November 5, 2014

യാത്രാമൊഴി

നിന്റെ മൌനത്തിൻ ഗുഹാമുഖത്തെപ്പോഴോ
എന്റെ ശബ്ദങ്ങൾ നിലച്ചൂ  
നിൻ തളിർ  കണ്‍തടം പുതച്ച കരിമ്പടം 
എന്റെ സ്വപ്‌നങ്ങൾ മറച്ചു 

ഇരുളിലൂടൂളയിട്ടെത്തുന്ന  മൃതിയുടെ   
പരിഹാസമിനിയേറ്റു  വാങ്ങാം 
ഒടുവിലായ് പ്രാണൻ പകുത്തു നീ നല്കിയ 
അരുമയെ നെഞ്ചോടു ചേര്ക്കാം 

കണ്‍കണ്ട കദനങ്ങൾ 
കഥകളായ് മറയുമ്പോൾ 
ഇരുൾ പുകച്ചുരുളുകളിൽ 
ചുടല മണമുയരുമ്പോൾ 
കനിവുമായെത്തിയ കാറ്റും  മടങ്ങുമ്പോൾ  
നിനവുകളിൽ കാലത്തിൻ 
കരിന്തിരി കത്തുന്നു.. 

വിട തരികെനികിന്നു
ഓർമ്മയുടെ
ഇടവഴികൾ ഇനിയെന്നും ശൂന്യം
ഇടവഴികൾ ഇനിയെന്നും ശൂന്യം.. 

No comments:

Post a Comment