Saturday, December 28, 2013

ഗുരുഭക്തി

പാതകളിൽ പടരുന്ന
അഗ്നിക്കുമേൽ നടന്നെത്താൻ
അനുഭവങ്ങളുടെ തഴമ്പ്
പൊതിയുന്നത് വരെ നമ്മൾ
നിലനിൽപ്പിന്‌ ശിഷ്യപ്പെടുന്നു

ആത്മാവിൽ പുകയുന്ന
കനലുകൾക്ക് മേലെ കണ്ണുനീരിറ്റിച്ച്
തണുപ്പിക്കുന്ന കാലം
മറവികൾ ചാലിച്ച ...
മരുന്ന് തന്ന്
മയക്കത്തിലേക്ക് ക്ഷണിക്കുന്നു

ഭൂതകാലത്തിന്റെ ചോദ്യങ്ങൾക്കെതിരെ
സമരം പ്രഖ്യാപിച്ച ലഹരി
പ്രജ്ഞയെ
അബോധത്തിലേക്ക്
മറച്ചു പിടിക്കുന്നു

മരിച്ചുപോകുമെന്ന ദൈവത്തിന്റെ
മുന്നറിയിപ്പിനെ പരിഹസിച്ച്
ജീവിതം
അറ്റം പൊട്ടാറായ ഞാണിൽ കയറി
പുതിയ അഭ്യാസങ്ങൾ
പരിശീലിച്ചു കൊണ്ടിരിക്കുന്നു ...

Wednesday, December 18, 2013

കാലത്തിന്റെ കണക്കുകൾ

കണക്കുകൾക്കുള്ളിലാണ് ജീവിതം
നൂലുകൾ പൊട്ടിയെങ്ങിലും
വിട്ടുപോകാതെ
തലയ്ക്കു ചുറ്റും
കാറ്റില്ലാതെ
അവ കറങ്ങുന്നു

വിയര്പ്പിന്റെ ഗന്ധവും
നാണയങ്ങളുടെ കിലുക്കവും
കടപ്പാടുകളുടെ മൌനവും...
സ്നേഹത്തിന്റെ തീഷ്ണതയും
അവകാശങ്ങളുടെ ദൈന്യതയും
പ്രതികാരത്തിന്റെ ക്രൂരതയും
നിർവികാരതയുടെ തണുപ്പും
ഇടകലർന്ന കണക്കുകൾ

എനിക്കവകാശപ്പെട്ട കണക്കുകൾ
നടന്നു തീർന്ന വഴികളിലെ ഇരുട്ടിൽ
എനിക്കൊപ്പം എരിയേണ്ട
മാവിന്റെ ചുവട്ടിൽ
വെളിച്ചം കടക്കാത്ത
ഒരു കറുത്ത ചാക്കിൽ കെട്ടി
ഞാനുപേക്ഷിച്ചിരിക്കുന്നു

എന്നിട്ടും
എത്ര ശ്രമിച്ചിട്ടും
നഷ്ട്ടപ്പെടുന്ന കാലത്തിന്റെ കണക്കുകൾ
നൂലുപൊട്ടാതെ
ഇപ്പോഴും എന്റെ മോതിരവിരലിൽ
കുടുങ്ങിത്തന്നെ കിടക്കുന്നു ..

പരിണാമം

നിരത്തിലെ മതിലിനരികിൽ
ആരാലും ശ്രദ്ധിക്കപ്പെടാതെ
ഇന്നലെ മുളച്ച
ഒരു കുഞ്ഞു ചെടി
വെയിലേറ്റ് കൂമ്പിയ
നനുത്ത രണ്ടിലകൾ..

തുറിച്ചു നോക്കുന്ന വേനലിനും
കാത്തു നില്ക്കുന്ന
മഴക്കാറുകൾക്കുമിടയിലേക്ക്...
നാളെ അത്
ഒരു മരമായി വളരും
ശിഖരങ്ങള്‍ വേരുകളിലേക്ക് വളരുകയും
വേരുകളില്‍ ഇലകള്‍ പൊടിയുകയും ചെയ്യുന്ന മരം

അതിൽ
രാത്രികളുടെ നിറമുള്ള പൂക്കൾ വിടരും
വിയർപ്പിന്റെ മണമുള്ള പൂക്കളിൽ
രക്തത്തിൻ നിറമുള്ള തേൻ കിനിയും
വഴി തെറ്റി വരുന്ന നരിച്ചീറുകൾ
അവ നുകരും
അവർ വഴി പരാഗണം നടക്കും
പുതിയ വിത്തുകൾ വിതക്കപ്പെടും
വിശപ്പുകൾക്കും
എച്ചിലുകൾക്കുമിടയിൽ
എവിടെയോ
അവയും മുളക്കും

പതിവുകൾ തെറ്റിച്ച്
ഇരുട്ടു തേടി വളയും
മരങ്ങളായി വളരും

ശിഖരങ്ങള്‍ വേരുകളിലേക്ക് വളരുകയും
വേരുകളില്‍ ഇലകള്‍ പൊടിയുകയും ചെയ്യുന്ന മരങ്ങൾ

ആധി

ഒഴിഞ്ഞ സ്ഥലങ്ങളിലെ
ഒഴിവുകളെ ഓർത്താണ്
എന്റെ ആധി

ഒഴിഞ്ഞു കിടക്കുന്ന മുറി
നഷ്ട്ടപ്പെട്ട ശബ്ധങ്ങളാൽ നിറയ്ക്കണം
ഒഴിഞ്ഞ ചുമരുകളിൽ
സ്വപ്നങ്ങളുടെ നിറങ്ങൾ തേക്കണം
പറമ്പിലെ ഒഴിഞ്ഞ മൂലകളിൽ
പറങ്കിമാവിൻ തൈ നടണം ...
എനിക്കു വേണ്ടി ഒരുക്കിയ
ആറടിയിലെ ഒഴിവിൽ
നിങ്ങൾ എന്നെ നിറയ്ക്കണം

നിറഞ്ഞു പെയ്യുന്ന കണ്ണുനീരിലൂടെ
ഞാൻ നിങ്ങളുടെ മനസ്സുകളിൽ നിന്ന്
ഒഴിഞ്ഞു പോവും
പക്ഷെ ,അപ്പോഴും
ആ ഒഴിവു ബാക്കിയാകും

അതെ ..
ഒഴിഞ്ഞ സ്ഥലങ്ങളിലെ
ഒഴിവുകളെ ഓർത്താണ്
എന്റെ ആധി

നിർഭാഗ്യവാന്മാർ

നിലവിളക്കിലെ തിരികൾ
നിറഞ്ഞു കത്തുമ്പോഴും
നിഴലു നഷ്ട്ടപ്പെടുന്നവർ
നിർഭാഗ്യവാന്മാർ..

നടന്നു തീര്ന്ന വഴികളിൽ
നിരന്നു നിൽക്കും നിഴലുകളോട്
നിലനില്പ്പിനായി പൊരുതുന്നവരും
നിർഭാഗ്യവാന്മാർ..
...
നിഴലുകളില്ലാത്ത ലോകത്ത്
നിഴലിനെ കാത്തിരിക്കുന്നവരും
നിർഭാഗ്യവാന്മാർ..

തിരഞ്ഞെടുത്ത വഴികൾ

നീ വഴിമാറുക
നിന്റെ മാർഗങ്ങളിൽ നിന്നും
ലക്ഷ്യങ്ങൾ വഴിമാറുമ്പോൾ
നീ വഴിമാറുക
കൂടെ നടക്കുന്നവർ
കൂട്ടം തെറ്റിക്കും മുൻപ്
നീ വഴിമാറുക

നീ വഴിമാറുക...
മഴ കാത്തു കിടക്കുന്ന ...
വേനലുകളിലൂടെ
ഇരുൾ വിഴുങ്ങിത്തുടങ്ങിയ
സന്ധ്യകളിലൂടെ
പറയാതെ പോയ
വാക്കുകളിലൂടെ
എഴുതാതെ പോയ
വരികളിലൂടെ
ആത്മാവിന്റെ ശൂന്യതയിലേക്ക്
നീ വഴിമാറുക..

കാത്തിരുപ്പിന്റെ ഫലം

ശരികളുടെ ശവകുടീരത്തിന് മുകളിൽ
ചുവന്ന പൂക്കൾ നിറഞ്ഞ
ഒരു പൂച്ചെണ്ട്
മുറിച്ചെടുത്ത തള്ളവിരലിനു പകരം
ഒരു പൊതിച്ചോർ
ജീവിതത്തിനെ നോക്കി
വിരുന്നു വിളിക്കുന്നത്‌
കണ്ണ് പൊട്ടിയ ഒരു കാക്ക
വിട്ടു പോകുന്ന കണ്ണികൾക്ക് പകരം
സ്വർഗത്തിലേക്കുള്ള പാതയുടെ ...
പ്രലോഭനങ്ങൾ
കൂട്ടിലെത്താൻ പറക്കുന്ന
കുരുവിയെ കാത്തിരിക്കുന്ന
കഴുകൻ
തൊണ്ടയിൽ പാതിയമർന്ന
നിലവിളി
വേണ്ടത്,
പുനർജ്ജന്മം കൊതിക്കാത്ത
മരണം
നിത്യ ശാന്തി ..

തിരിച്ചറിവുകൾ

നിന്നിലെവിടെയോ
ഞാൻ സ്പന്ദിച്ചു തുടങ്ങിയിരിക്കുന്നു
വാക്കുകളിൽ
പ്രണയത്തിന്റെ സൂക്ഷ്മത
പുഞ്ചിരിയിൽ
കണ്ണുനീരിന്റെ ആർദ്രത
നിസ്സഹായതയിൽ തട്ടി
തിരിച്ചു വരുന്ന യാത്ര പറച്ചിലുകൾ
ക്ഷമാപണത്തിൽ പോലും
തെളിഞ്ഞു നിന്നത് ...
വൈകിയതിന്റെ ദുഖം
എന്നിട്ടും , എന്നിലവശേഷിച്ചത്
നിന്റെ അവസാന വരികളിലെ മുഴക്കം മാത്രം
"ഞാൻ പുനർജന്മങ്ങളിൽ വിശ്വസിക്കുന്നു "..!

ജീവിതം

ഉരുട്ടിക്കയറ്റിയ കല്ലുകൾക്കിടയിൽ
ഉറങ്ങിപ്പോകുന്ന ജീവിതം ..

അകത്തേക്ക് തുറക്കുന്ന വാതിൽ

ഉള്ളിൽ ഒരു മുറി കൂടി പണിയണം
സ്ഥലം പോരാഞ്ഞിട്ടല്ല
ഉള്ളത് പകുക്കണം
ഈ വാതിൽ മാറ്റണം
പഴതായിട്ടല്ല
എന്നാലും മാറ്റണം

രണ്ടു വാതിലുകൾ വക്കണം
ഒന്ന് തുറന്നിടാം
വന്നു പോകുന്നവര്ക്ക് വിശ്രമിക്കാൻ ...
മറ്റൊന്നിന്റെ
അകത്തേക്ക് തുറക്കുന്ന വാതിൽ
പൂട്ടിയിടണം
തുറക്കാൻ വരുന്നവരോട്
താക്കോൽ കളഞ്ഞു പോയെന്നു പറയാം
പണ്ടേ നിനക്ക് ശ്രദ്ധയില്ലന്നേ അവർ പറയൂ

ഇന്നും അവർ എന്റെ അശ്രദ്ധ മാത്രം ശ്രദ്ധിക്കുന്നത്
ശ്രദ്ധയോടെ തിരിച്ചറിയാം ,എന്നിട്ട്
അവരെ തുറന്ന മുറിയിലേക്ക് ക്ഷണിക്കാം
തൽക്കാലം അവർ വിശ്രമിക്കട്ടെ ..

Sunday, July 28, 2013

ബലി

എനിക്ക് വേണ്ടി ബലി ഇടുന്നവരോട്..

നനഞ്ഞ കൈകൾ കൊട്ടി വിളിക്കുക  
നിങ്ങൾ ആഗ്രഹിച്ചില്ലെങ്കിലും   
ഒരു ബാലിക്കാക്കയായി
ഞാൻ  വരും 
ശത്രുക്കളും മിത്രങ്ങളും ഉണ്ടാകും കൂടെ  
അവര്ക്കും കൂടി  അവകാശപ്പെട്ടതാണ് 
എന്റെ ബലിച്ചോറ് 
അന്നും നിങ്ങൾക്കിടയിൽ  
എന്നെ തിരയുന്ന കണ്ണുകൾ  ഉണ്ടെങ്കിൽ 
ഓർക്കുക ..
കൂട്ടത്തിലെ ഏറ്റവും നിറം മങ്ങിയ ചിറകുകൾ 
എന്റെതായിരിക്കും .

Monday, June 17, 2013

സഹയാത്രികൻ

ഞാൻ ആദ്യമായി നടന്ന ദിവസം തന്നെയാണ് 
നീയെന്നെ ആദ്യമായി വീഴ്ത്തിയതും 
ജീവിതത്തിലെ കുഴികൾ ശ്രദ്ധിക്കാൻ വേണ്ടിയാകുമെന്ന് 
അന്നെന്നോട് അമ്മ പറഞ്ഞു 
ഞാൻ ഓടിത്തുടങ്ങിയ അന്ന് 
എന്റെ മുൻപിൽ നീയൊരു കായൽ ഒരുക്കി 
ജീവിതത്തിന്റെ ആഴങ്ങൾ അറിയാൻ വേണ്ടിയാകുമെന്ന് 
അമ്മ വീണ്ടും പറഞ്ഞു
ഞാൻ നീന്തിതുടങ്ങിയ അന്ന് 
ആ കായൽ നീയൊരു സമുദ്രമാക്കി 
തിരമാലകൾക്കെതിരെ ഞാനിന്നെന്റെ
കുഞ്ഞു തോണി തുഴയുമ്പോൾ
എന്തിനു നീ അതേ തോണിയേറി
എന്റെ എതിർ ദിശയിലേക്ക് തുഴയുന്നു?
വിശദീകരണങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ
ഞാനെന്റെ തുഴച്ചിൽ നിര്ത്തുന്നു
ഇനിയെന്റെ യാത്ര
നിന്റെ ദിശയിൽ ...

Monday, June 10, 2013

നിഴലാട്ടങ്ങള്‍

നാടകങ്ങള്‍  കഴിഞ്ഞു
നാടക സീസണും 
വേഷങ്ങള്‍ അഴിച്ച്  
മുഖത്തെ ചായങ്ങള്‍ മായ്ക്കാതെ 
രൂപങ്ങള്‍  തട്ടിറങ്ങി
 
നിലനില്‍പ്പാണ് പ്രശ്നം 
ഹിറ്റ്ലര്‍ കിണറ്റിന്‍ കരയിലാണ് 
സംവിധായകന്റെ കോണം കഴുകണം 
വീണ നിലത്തു വച്ച് നാരദര്‍ 
നിര്‍മാതാവിന്റെ പുറം ചൊറിയുന്നു 
തന്റെ ഊഴം കാത്ത് ശിഖന്ഡി 
കിടപ്പറയില്‍ മുട്ടിലിരുന്നു 

പകല്‍ വെളിച്ചതിലെക്കിറങ്ങാന്‍ തുനിഞ്ഞ ജനത്തെ 
അഴിഞ്ഞുലഞ്ഞ  വസ്ത്രങ്ങളും 
ഒരു കണ്ണില്‍ കാമവും 
മറു കണ്ണില്‍ ദീനതയുമായി 
ദ്രൗപതി തടഞ്ഞു 
നിലനില്‍പ്പാണ് പ്രശ്നം

പകല്‍ വെളിച്ചത്തിലെ നിഴലാട്ടങ്ങള്‍ക്കു
മുഖം തിരിച്ച് 
ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി 
കുചേലന്‍ മാത്രം ഇറങ്ങി നടന്നു 
തോളില്‍ തൂക്കിയ ഭാണ്ഡത്തില്‍ 
അവില്‍പൊതി ഭദ്രമായിരുന്നു ..

മരണക്കുറിപ്പ്

എന്റെ ആദ്യത്തെയും അവസാനത്തെയും കുറിപ്പ്  
നിങ്ങൾക്കുള്ളതാണ്
എനിക്കറിയാം  
നിങ്ങൾ എന്നെ വിശ്വസിക്കും 
എന്നത്തേയും പോലെ ..
മാത്രമല്ല , മരണക്കുറിപ്പ് 
കോടതികൾ പോലും വിശ്വസിക്കും 
പക്ഷെ, വിഡ്ഢികളേ ..
ഇതിൽ ഞാൻ നിങ്ങളെ ചതിക്കും 
ഇതു മുഴുവൻ നുണയാണ് 
ജീവിതത്തിലെ കറുത്ത ഫലിതങ്ങൾ
ഇവിടെ 
എന്റെ നെഞ്ചിൽ  വയ്ക്കാനുള്ള പൂക്കൾക്കായ്
നിങ്ങൾ പരതുമ്പോൾ
അകലെ 
ജീവിച്ചിരിക്കുന്ന വിഡ്ഢികളിൽ നിന്നും 
എന്റെ പേര് വെട്ടാൻ; ഞാൻ
 ദൈവത്തെ സഹായിക്കയാകും 
  

 

Sunday, February 10, 2013

ഉച്ച്വാസങ്ങളുടെ സ്വാതന്ത്ര്യം


ഇന്നലെ എന്റെ ഒരു  ബലൂണ്‍ പൊട്ടി
ഹൃദയത്തിന്റെ ആകൃതിയിലുള്ള
മിടിപ്പില്ലെങ്കിലും  ചെവി ചേര്‍ത്താല്‍
മുഴക്കമുണ്ടായിരുന്ന ഒരു
കുഞ്ഞുബലൂണ്‍ 

ചെറിയ ശബ്ധമായിരുന്നിട്ടും
എന്റെ ഉള്ളിലെ കുഞ്ഞ് ഞെട്ടി
കണ്ണ് തുറക്കാതെ
കണ്ണുനീരില്ലാതെ
കരഞ്ഞു 

മുറിയുടെ മൂലക്കായിരുന്നെങ്കിലും
പൊടി പിടിച്ചിരുന്നെങ്കിലും
അതെനിക്കൊരു കൂട്ടായിരുന്നു
അതിനുള്ളിലെ പഴകിയ വായു
എന്റെ ഭൂത്കാലമായിരുന്നു.

ഞാന്‍ തന്നെയാണ് അത് പൊട്ടിച്ചത് എന്ന്
എന്റെ കൂട്ടുകാര്‍ പറഞ്ഞു
അവര്‍ തെറ്റിദ്ധരിച്ചതാണ്
നശിപ്പിച്ചതല്ല ഞാന്‍
കാലങ്ങളായി തടവിലിട്ട എന്റെ ശ്വാസത്തെ
സ്വതന്ത്രമാക്കിയതാണ്
അതൊരു ഇളംകാറ്റില്‍ ചേര്‍ന്ന്
കൊടുങ്കാറ്റായി തിരിച്ചു വരാന്‍ 

എനിക്കിന്ന് മാര്‍ക്കെറ്റില്‍ പോണം
കൊടുങ്കാറ്റിനെ കൊള്ളുന്ന വലിപ്പത്തിലുള്ള
ഒരു പുതിയ ബലൂണ്‍ വാങ്ങണം